ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യചരിത്രം

        ചരിത്രമേറെ പറയാനുള്ള പഴയ വള്ളുവനാടിന്റെ രാജരഥ്യയാണ് മക്കരപറമ്പ്. ചരിത്രപ്രസിദ്ധമായ മാമാങ്ക” മഹോത്സവത്തിന്റെ കാറ്റ് വീശിയ മണ്ണാണിത്. വള്ളുവനാടിന്റെ സംസ്കാരധാരയുടെ ഭാഗമായ ഈ ഭൂപ്രദേശംവള്ളുവനാട്ടില്‍ അലയടിച്ച ദേശീയസ്വാതന്ത്ര്യസമര മുന്നേറ്റങ്ങളുടെ ചൂടുംചൂരും ഏറെ അനുഭവിച്ചതുമാണ്. പഴയ വള്ളുവനാട്ടിലെ വടക്കാങ്ങര അംശമാണ് ഇന്നത്തെ മക്കരപറമ്പ് പഞ്ചായത്തായി രൂപാന്തരപ്പെട്ടത്. മങ്കട പഞ്ചായത്തിനെ വിഭജിച്ചാണ് ഇന്നത്തെ മക്കരപറമ്പ് പഞ്ചായത്ത് രൂപീകരിച്ചത്. മക്കരപറമ്പ് കൂടി ഉള്‍പ്പെട്ടിരുന്ന അവിഭക്ത മങ്കട പഞ്ചായത്തിലെ കടന്നമണ്ണ, ആയിരനാഴിമങ്കടഅരിപ്ര കോവിലകങ്ങള്‍ ചേര്‍ന്ന സഹോദര ശൃംഖലയില്‍ നിന്നും മൂപ്പ് കിട്ടുന്ന വ്യക്തിയായിരുന്നു രാജ്യഭരണത്തിനു നിയുക്തനാകുന്ന വള്ളുവകോനാതിരി എന്ന വള്ളുവനാട് രാജാവ്. മലബാറില്‍ സാമൂതിരിയെ വെല്ലാന്‍പോന്ന ഏക അധികാര ശക്തിയായിരുന്ന വള്ളുവനാട് രാജാവിന്റെ ആസ്ഥാനമായ കുറുവ കോവിലകം മക്കരപറമ്പ് അങ്ങാടിക്കരികില്‍ മുക്ത്യാര്‍ക്കുണ്ട് പുഴക്കരയിലായിരുന്നു. അടുത്ത കാലത്ത് പുനര്‍നിര്‍മ്മാണം നടന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനടുത്തുള്ള കുറുവ കോവിലകത്തു തന്നെയായിരുന്നു സാമൂതിരിയുടെ കിരീടധാരണ ചടങ്ങായ അരിയിട്ടു വാഴ്ച” നടത്തിയിരുന്നതും. ഇതിനായി പല്ലക്കിലേറിയുള്ള രാജാവിന്റെ എഴുന്നള്ളത്ത് നടക്കേണ്ടത് സ്വന്തം സ്ഥലത്തു കൂടിയായിരിക്കണമെന്നുള്ളത് രാജാവിനു നിര്‍ബന്ധമായിരുന്നു. എഴുന്നള്ളത്തിന്റെ മാര്‍ഗ്ഗത്തില്‍ ഏതെങ്കിലും സ്ഥലം പണ്ടാരം (കോവിലകം) വകയല്ല എന്നു കണ്ടാല്‍, ഉടന്‍ ചെമ്പോല വരുത്തി ആ ഭാഗം പണ്ടാരം വക തന്നെയാക്കും. അതോടെ കോവിലകം ജന്മത്തിലാകുന്ന പ്രസ്തുത സ്ഥലം പിന്നീട് ഉടമസ്ഥര്‍ക്ക് വേണമെങ്കില്‍ തീര്” എഴുതി വാങ്ങാവുന്നതാണ്. രാജകൊട്ടാരമായ കുറുവ കോവിലകം” നില്‍ക്കുന്നതിന്റെ അക്കരപറമ്പായി കിടക്കുന്ന സ്ഥലം അക്കരപറമ്പ് ” എന്നാണറിയപ്പെട്ടിരുന്നത്. ഇതാണ് കാലക്രമത്തില്‍ മക്കരപറമ്പ് ” എന്ന് ശബ്ദഭേദം സംഭവിച്ചത്. അക്കാലത്ത് ഫ്യൂഡല്‍ ജന്മിമാരുടെ തേര്‍വാഴ്ചയ്ക്കു കീഴിലായിരുന്നു ഈ പ്രദേശത്തെയും സാമൂഹ്യജീവിതം. അധ്വാനിക്കുന്ന മണ്ണിലോകുടിപാര്‍ക്കുന്ന തുണ്ടുഭൂമിയിലോ പോലും അവകാശമില്ലാതിരുന്ന അടിയാളജനങ്ങള്‍ കുടുംബം മുഴുവനുമിറങ്ങിപകലന്തിയോളം പണി ചെയ്താലും രണ്ടു നേരത്തെ കഞ്ഞിക്കു മാത്രം തികയുന്ന നെല്ല് ആയിരുന്നു അവര്‍ക്കു ലഭിച്ചിരുന്ന പ്രതിഫലം. എന്നാല്‍ അധ്വാനിക്കാതെയും വിയര്‍പ്പൊഴുക്കാതെയും ഉണ്ണാന്‍ മാത്രം ശീലിച്ച ജന്മിവര്‍ഗ്ഗം, കോവിലകങ്ങളിലും മഠങ്ങളിലും നാലുകെട്ടുകളിലും ക്ഷേത്രത്തണലുകള്‍ക്കുള്ളിലും സുഭിക്ഷമായി ജീവിച്ചു. അടിയാളവര്‍ഗ്ഗം പാടുപെട്ടുണ്ടാക്കുന്ന കാര്‍ഷികവിളകള്‍ കള്ളപ്പാട്ടമളന്നുംകുതന്ത്രങ്ങള്‍ പ്രയോഗിച്ചും തട്ടിയെടുത്ത് സ്വന്തം പത്തായങ്ങളും ഉദരവും നിറയ്ക്കുന്നതിനും അത് കൊണ്ടുവന്നു തന്നവനെ അയിത്തത്തിന്റേയും തൊട്ടുകൂടായ്മയുടേയും പേരില്‍ ആട്ടിയകറ്റി നിറുത്തുന്നതിനും ജന്മിവര്‍ഗ്ഗത്തിനു കുറ്റബോധം ഉണ്ടായിരുന്നില്ല. ദേശീയപ്രസ്ഥാനം ഉയര്‍ത്തിവിട്ട നവോത്ഥാനചിന്തയുടേയും സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളുടേയും ഫലമായിജന്മിവര്‍ഗ്ഗത്തിന്റെ നെറികേടിനെതിരെ അങ്ങിങ്ങായി പ്രതിക്ഷേധസ്വരങ്ങള്‍ അക്കാലത്ത് ഉയര്‍ന്നുവന്നിരുന്നു. 1921-ലെ മലബാര്‍ കലാപത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഭാഗമായി നീങ്ങാനും ഈ പ്രദേശത്തിനു കഴിഞ്ഞു. സ്വാതന്ത്ര്യസമരത്തിനു വേണ്ടി രക്തസാക്ഷികളായ നിരവധിയാളുകള്‍ ഇവിടെയുണ്ടായിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ധീരനായ നേതാവും മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് വൈസ് പ്രസിഡന്റുമായിരുന്ന കട്ടിലശ്ശേരി മുഹമ്മദുമുസ്ള്യാരുടെ പ്രധാന പ്രവര്‍ത്തനകേന്ദ്രമായിരുന്നു ഈ പഞ്ചായത്തിലെ പൂര്‍ണ്ണപ്പ. അവികസിതവും ദരിദ്രവും പിന്നോക്കവുമായി കിടന്നിരുന്ന ഈ പ്രദേശത്തെവളര്‍ച്ചയുടെ പടവുകളിലേക്ക് കൈപിടിച്ചുയര്‍ത്തിയ കെ.കെ.എസ്.തങ്ങള്‍ ആയിരുന്നു ആധുനിക മക്കരപറമ്പിന്റെ ശില്പി. മങ്കട പഞ്ചായത്തിന്റെ പ്രസിഡന്റായിരിക്കെയാണ് കെ.കെ.എസ്.തങ്ങള്‍ പ്രസ്തുത പഞ്ചായത്തിലെ കാച്ചിനിക്കാട്വടക്കാങ്ങരമക്കരപറമ്പ്പുര്‍ണ്ണപ്പ എന്നീ പ്രദേശങ്ങളുള്‍ക്കൊള്ളുന്ന മൂന്നു വാര്‍ഡുകള്‍ ചേര്‍ത്തുകൊണ്ട്മക്കരപറമ്പ്  പഞ്ചായത്ത് രൂപീകരണത്തിന് നേതൃത്വം നല്‍കിയത്. മങ്കട പഞ്ചായത്തിനെ വിഭജിച്ചുകൊണ്ട്, 1977-ലാണ് മക്കരപറമ്പ് പഞ്ചായത്ത് രൂപീകരിക്കുന്നത്. 1979-ലാണ് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. കെ.കെ.എസ്.തങ്ങള്‍ തന്നെയായിരുന്നു ആദ്യ പ്രസിഡന്റായി അവരോധിതനായത്. 

 

സാംസ്കാരികചരിത്രം

     പ്രസിദ്ധമായ കാച്ചിനിക്കാട് മുത്തന്‍വേല ഉത്സവംമക്കരപറമ്പിന്റെ സാംസ്കാരിക പഴമയിലേക്കുള്ള കവാടമാണ്. അടിച്ചമര്‍ത്തപ്പെട്ട അധ:സ്ഥിത ജനതയുടെ ഈ ഉത്സവതിമിര്‍പ്പില്‍ എല്ലാ തമ്പുരാക്കന്‍മാരെയും വെറും കാഴ്ചക്കാരായി നിര്‍ത്തിഉത്സവ മേധാവിത്വവും നാടിന്റെ പൊതുശ്രദ്ധയും കീഴാള ജനതയില്‍ കേന്ദ്രീകരിപ്പിക്കുന്ന മഹനീയവേള കൂടിയായിരുന്നു ഈ ഉത്സവം. ഈ കാര്‍ഷികോത്സവം അധ:സ്ഥിത ജനതയുടെ ഉയര്‍ത്തെഴുന്നല്‍പ്പിന്റെ സൂചകമാണ്. ശ്രീമുത്തന്‍ എന്ന കീഴാളദൈവം കാച്ചിനിക്കാട് എന്ന കര്‍ഷക ഗ്രാമത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടതിനെ സംബന്ധിച്ച്മമ്പുറത്തു നിന്നും പുഴ മാര്‍ഗ്ഗം ഇവിടെ കുടിയേറി എന്നാരു ഐതിഹ്യവും നിലവിലുണ്ട്. ഇന്ന് സാമൂഹ്യ അസമത്വത്തിന്റെയോ, ജാതി വിവേചനത്തിന്റെയോ യാതൊരു നിറവും കലരാതെ എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ത്ത് നേതൃത്വം നല്‍കുന്ന, ദേശത്തിന്റെ ഉത്സവമായി ഇത് മാറിയിരിക്കുന്നു. തികഞ്ഞ മതഭക്തിയുള്ള ജനവിഭാഗവും സാമൂഹ്യാവസ്ഥക്കൊത്ത ആചാരാനുഷ്ഠാനങ്ങള്‍ മാത്രം ഉള്ളവരും ഇന്നീ നാട്ടിലുണ്ട്. പെട്ടിവരവ് നേര്‍ച്ചകളും, താലപ്പൊലികളും മാത്രമാണ് പണ്ടുമുതലേ ഇവിടെയുള്ള മറ്റു സാംസ്കാരികാഘോഷങ്ങള്‍. 1954-ല്‍ മക്കരപറമ്പില്‍ ചോലക്കാട്ട് കൃഷ്ണന്‍നായരുടെ നേതൃത്വത്തില്‍ സ്ഥാപിതമായ മക്കരപറമ്പ്  പൊതുജന വായനശാലയും, 1958-ല്‍ കെ.പി.അഹമ്മദ് മാസ്റ്റര്‍, ഇ.അബ്ദുസ്സലാം മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ വടക്കാങ്ങരയില്‍ സ്ഥാപിതമായ മുഹമ്മദ് ഇഖ്ബാല്‍ മെമ്മോറിയല്‍ ലൈബ്രറിആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബും പഞ്ചായത്തുപ്രദേശത്തെ സാംസ്കാരിക മുന്നറ്റത്തിനു നേതൃത്വപരമായ പങ്കു വഹിച്ചു. മുന്നൂറ് വര്‍ഷത്തിലേറെ പഴക്കം കരുതുന്ന ആറങ്ങോട്ട് ശിവക്ഷേത്രവുംവടക്കാങ്ങര പഴയ ജുമാ മസ്ജിദും ഈ പഞ്ചായത്തിലെ പുരാതന ആരാധനാലയങ്ങളാണ്. നൂറ്റാണ്ടിലധികം പഴക്കമുള്ള അഞ്ച് എലിമെന്ററി സ്കൂളുകളും മുക്കാല്‍ നൂറ്റാണ്ടോളം പ്രായമുളള വായനശാലയും ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബുകളും ഇവിടെ ഇന്നും പ്രവര്‍ത്തിച്ചുവരുന്നു.